ആകാശച്ചെരുവില്‍ പൂത്തുനില്‍ക്കുന്ന നക്ഷത്രപൂക്കള്‍. പാതിരാവിന്റെ പാല്‍കടവില്‍ നിന്ന് ആകാശമിറങ്ങി വരുന്ന നിലാവിന്റെ പുടവ രാത്രിയെ പൊതിഞ്ഞു കിടന്നു. പാതിരാവായിട്ടും ബഹളം നിലച്ചിട്ടില്ലാത്ത ബാപ്പു ഹാജിയുടെ വീട്. ട്യൂബ് ലൈറ്റുകളുടെ വെളിച്ചത്തിന്റെ പ്രൗഢിയില്‍, കണ്ണ് ചിമ്മി ത്തുറക്കുന്ന വര്‍ണ്ണ വെളിച്ചത്തിന്റെ നിറപ്പകിട്ടില്‍ കോരിത്തരിച്ചു നിന്നു.
അകത്തെ നടുത്തളത്തില്‍ നിന്നും ഒപ്പനപ്പാട്ടിന്റെ ശീലുകള്‍ ഒഴുകിപ്പരക്കുന്നു. കൈകൊട്ടിപ്പാട്ടും കുപ്പിവള കിലുക്കങ്ങളും രാത്രിയുടെ ഇളം തണുപ്പിലേക്ക് തെറിച്ചു വീണു. തോഴിമാരുടെ മോഹന ചുവടുകള്‍ക്കു നടുവില്‍ പൊന്നില്‍ കുളിച്ച്, സുബൈദ ചിരി തൂകിയിരുന്നു. സ്വപ്‌നങ്ങള്‍ ഊയലാടുന്ന അവളുടെ കണ്‍പീലികളുടെ മഷിക്കറുപ്പിലൂടെ അഴക് ഒലിച്ചു വീണുകൊണ്ടിരുന്നു. കൂട്ടുകാരികള്‍ കുസൃതിയോടെ കോറിയിട്ട മൈലാഞ്ചിച്ചിത്രങ്ങള്‍ അവളുടെ പൂമേനിയില്‍ സ്‌നേഹത്തോടെ പറ്റിച്ചേര്‍ന്നു കിടന്നു.
കല്യാണപാട്ടിന്റെ പട്ടുനൂല്‍ മഴ മെല്ലെ പെയ്‌തടങ്ങി. ആരവങ്ങള്‍ മെല്ലെ ഒന്ന് നിലച്ചപ്പോള്‍ ഖദീജത്താത്ത കടന്നു വന്നു: ` മതി. രാത്രി കുറെ ബൈകിയില്ലേ.. ഒപ്പനേം കളീം ഇന്നിനി മതിയാക്ക്. പെണ്ണുങ്ങളെല്ലാം ചോറ് ബെയിക്കാന്‍ ചെന്നോളിന്‍. എനി നാളെ പന്തലില് പാടിയാ മതി` . പുതുനാരിയോടു കുശലം പറഞ്ഞ് പെണ്ണുങ്ങള്‍ ഓരോന്നായി അപ്പുറത്തേക്ക് വലിഞ്ഞു.
`സുബൈദാന്റെ കൈകളില്‍ ഞങ്ങള്‍ മൈലാഞ്ചി കൊണ്ട് വിലങ്ങു വെച്ചിരിക്കുകയാ. അവളെ ഊട്ടുന്ന ജോലി ഇന്ന് ഞങ്ങള്‍ക്ക്. ബന്നാട്ടെ.` നിഴല് പോലെ കൂടെ നിന്നിരുന്ന കൂട്ടുകാരികളില്‍ ഒരാളായ സമീറ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഭക്ഷണം കഴിക്കാനിരിന്നിട്ടും കഴിക്കണമെന്ന് തോന്നിയില്ല. സന്തോഷവും ആനന്ദവും കലര്‍ന്ന ഏതോ ഒരു വികാരം മനസ്സില്‍ കിടന്നു വീര്‍പ്പു മുട്ടുന്നതു പോലെ. ` മണവാട്ടി, സ്വപ്‌നം കാണല്‍ ഇനി വേണ്ട. വേഗം കഴിച്ച് പോയിക്കിടന്ന് ഉറങ്ങിക്കോ. ഇന്ന് ഉറക്കം കളയണ്ട` തൊട്ടടുത്തിരുന്ന സാജിത കണ്ണിറുക്കി കൊണ്ട് പറഞ്ഞു. അവര്‍ക്കിടയില്‍ ചിരി മണികള്‍ ചിതറി വീണു.
തെക്കേ മുറിയില്‍ ചെന്ന് കിടന്നിട്ടും ഉറക്കം വന്നില്ല. തലയണക്കടിയില്‍ വെച്ചിരുന്ന മൊബൈല്‍ മെല്ലെ എടുത്തു നോക്കി. മനസ്സില്‍ ഉള്‍പുളകങ്ങളുടെ ഒരു മിന്നലാട്ടം. ഒരു മെസ്സേജ് കാത്തു കിടക്കുന്നു. തുറന്നു നോക്കി. മനസ്സിലേക്ക് അരിച്ചു കയറുന്ന വരികള്‍ ` ഒരു രാത്രിയെ ഉള്ളൂ, പക്ഷെ, ഒരു യുഗം പോലെ തോന്നുന്നു. എങ്കിലും, കൊതിയോടെ കാത്തിരിക്കുന്നു. എന്റെ മണവാട്ടിപ്പെണ്ണിനെ അഫ്‌സല്‍ ` മനസ്സില്‍ ഒരു മഞ്ഞു മലയിടിഞ്ഞു. ചുണ്ടില്‍ ഒരു പുഞ്ചിരിപ്പൂ വിരിഞ്ഞു. കിനാവുകള്‍ വീണ്ടും പൂതുമ്പികളെ പോലെ വട്ടമിട്ടു പറന്നു. കല്യാണ നിശ്ചയം കഴിഞ്ഞത് മുതല്‍ എന്നും രാത്രി കാത്തിരിക്കുന്നതാണ് ആ സ്വരം കേള്‍ക്കാന്‍. എന്ത് മാത്രം സ്‌നേഹമാണ് വാക്കുകളുടെ കുമ്പിളില്‍ വിളമ്പിത്തരുന്നത്. ഇനി അത് തന്റേതു മാത്രമാവുമാകയാണല്ലോ.
തന്റെ കല്യാണ രാവ്. സ്വപ്‌നം കണ്ടു തുടങ്ങുന്നത് മുതല്‍ ഓരോ പെണ്‍കൊടിയുടെയും മനസ്സില്‍ ആയിരം വര്‍ണങ്ങളുടെ പകിട്ടോടെ ചേക്കേറുന്ന രാവ്. പ്രതീക്ഷകളും മോഹങ്ങളും പൂത്ത് പൂമണം ചൊരിയുന്ന രാവ്.
ഉറക്കം പിണങ്ങി നിന്നു. സുബൈദ മെല്ലെ എഴുന്നേറ്റു പൂമുഖത്തേക്ക് നടന്നു. വരാന്തയിലേക്കുള്ള വാതില്‍ക്കല്‍ നിന്നു പുറത്തേക്കു നോക്കി. പന്തലിനുള്ളിലെ ആരവങ്ങളെല്ലാം കെട്ടടങ്ങിയിരിക്കുന്നു. നാളെ വരാനിരിക്കുന്ന അതിഥികളെ കാത്തു കിടക്കുന്ന ഒഴിഞ്ഞ കസേരകളില്‍ ചിലര്‍ അവിടെയും ഇവിടെയുമായി ചാഞ്ഞും ചെരിഞ്ഞും കിടന്നു ഉറക്കം തുടങ്ങിയിരിക്കുന്നു. ട്യൂബ് ലൈറ്റുകളുടെ വെള്ളി വെളിച്ചത്തില്‍ പന്തലും പരസരവും മിന്നി നില്‍ക്കുന്നു. ജനറേറ്ററിന്റെ താളാത്മക ശബ്ദം രാത്രിയുടെ താരാട്ട് പാട്ട് പോലെ കാതുകളില്‍ വന്നലക്കുന്നു. വെപ്പ് പന്തലിലെ ചെമ്പ് പാത്രത്തിനു ചുറ്റും വെപ്പുകാര്‍ ജാഗരൂകരായി പണിയെടുക്കുന്നു. അരിഞ്ഞ ഉള്ളിയുടെയും മസാലകൂട്ടിന്റെയും കൊതിപ്പിക്കുന്ന മണം കല്യാണ വീടിന്റെ പരിമളമായി പരക്കുന്നു. സുബൈദ കൗതുകത്തോടെ തന്റെ കല്യാണത്തിന്റെ ഒരുക്കങ്ങളുടെ പൊലിമയില്‍ നോക്കി നിന്നു.
` ദേ, ഇവിടെ വന്നു നോക്കിയേ. ഇതാ കല്യാണ പെണ്ണ് പുറത്തിറങ്ങി കറങ്ങി നടക്കുന്നു. എല്ലാരും വന്നു നോക്ക് ` പിറകില്‍ നിന്നു എളേമ്മാന്റെ മക്കള്‍ സലീമും ഷാജിയും വിളിച്ചു കൂവി. ` ശരിയാ, ഇതെന്തു കഥ` സാജുവും കൂടെ കൂടി കളിയാക്കി. `ഒന്ന് പോടാ.` സുബൈദ ചിണുങ്ങിക്കൊണ്ട് ചിരിയോടെ അവരെ തള്ളി മാറ്റി അകത്തേക്ക് നടന്നു. നടുത്തളത്തിലെ സോഫയില്‍ ബാപ്പു ഹാജി കിടന്നുറങ്ങുന്നു. സുബൈദ ആദരവോടെ ഉപ്പാനെ നോക്കി. പാവം ഉപ്പ. എല്ലായിടത്തും ഓടി നടന്ന് ക്ഷീണിച്ചു ഇപ്പോള്‍ തളര്‍ന്നുറങ്ങുകയാണ്. എന്നാലും, ആ മുഖത്ത് വല്ലാത്ത ശാന്തത കാണാം. വലിയൊരു ഭാരം ഇറക്കി വെച്ച ആശ്വാസം. ഉപ്പാനെ നോക്കി നില്‍ക്കെ, സുറുമ സ്വപ്‌നം ചാലിച്ച അവളുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെ നനവ് പൊടിഞ്ഞു.
കിടക്കയില്‍ ചെന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴാണ് ഉറക്കം തഴുകിയെത്തിയെതന്നറിയില്ല.
വീണ്ടും പുലരി വന്നു, കുമ്പിളില്‍ നിറയെ കുളിരുമായി. കല്യാണ വീട് മെല്ലെ ആരവങ്ങളിലേക്ക് തിരിച്ചു വന്നു. ആളുകള്‍ മെല്ലെ മെല്ലെ ഒഴുകി നിറഞ്ഞു. പൂമുല്ലകള്‍ നറുമണം ചൊരിഞ്ഞു. വശ്യമായ മാപ്പിളപാട്ടിന്റെ ഇശലുകളില്‍ ഒപ്പനയുടെ ചുവടുകള്‍ പിന്നെയും പിറന്നു. അണിയിച്ചൊരുക്കാന്‍ മത്സരിക്കുന്ന പെണ്ണുങ്ങള്‍ക്ക് നടുവില്‍ സുബൈദ വീര്‍പ്പുമുട്ടിയിരുന്നു. മാദകത്വം വാര്‍ന്നൊലിക്കുന്ന കവിളിണകളില്‍ ചായങ്ങള്‍ പതിഞ്ഞു. കണ്‍ കോണുകളില്‍ സ്വപ്‌നങ്ങളുടെ നിറക്കൂട്ടുകള്‍ തിളങ്ങി. ചുറ്റും വട്ടമിട്ടു തിക്കി തിരക്കി നിന്ന പെണ്ണുങ്ങള്‍ അസൂയയോടെ അഴകില്‍ കുളിച്ചു നിന്ന മണവാട്ടിയെ എത്തി നോക്കി. സമയം ഓടിമറഞ്ഞു.
` ചെറുക്കനും ആളുകളും വരാന്‍ നേരമായി. വേഗമാകട്ടെ` ആരോ വിളിച്ചു പറയുന്നത് കേട്ടു.
ഏറെ നേരം കഴിഞ്ഞില്ല. അപ്പുറത്ത് ബാന്റ്‌റ് മേളം മുഴങ്ങി. പാട്ടും കൈ കൊട്ടും ആര്‍ത്തിരമ്പി. മണവാളന്‍ എത്തിയിരിക്കുന്നു. കൂട്ടുകാര്‍ ആരവങ്ങളുതിര്‍ക്കുന്നു. കൈകൊട്ടിപ്പാട്ടും ബാന്റ്‌റ് മേളവും പൊട്ടിത്തരിപ്പിന്റെ കുഞ്ഞലകളായി സുബൈദാന്റെ കരളില്‍ പതിച്ചു. അവള്‍ കോരിത്തരിച്ചു നിന്നു. മണവാട്ടിയെ തേടി മണവാളനെത്തിയിരിക്കുന്നു. ഏതോ വിദൂരദിശകളില്‍ കത്തി നിന്ന രണ്ടു നക്ഷത്രങ്ങള്‍ ഇപ്പോള്‍ സംഗമിക്കുന്നു. കാലത്തിന്റെ രണ്ടു ഊടുവഴികളിലൂടെ ഒഴുകി വന്ന രണ്ടു ജീവിതങ്ങള്‍ ഇന്ന്, ഇപ്പോള്‍ ഒന്നാകുന്നു.
ഏറെ നേരം കഴിഞ്ഞില്ല, പട്ടില്‍പൊതിഞ്ഞു, പൊന്നില്‍ കുളിച്ച് സുബൈദ മണിയറയിലേക്ക് ആനയിക്കപ്പെട്ടു. അകത്തേക്ക് ചുവടുകള്‍ വെച്ചതും അവള്‍ക്കു പിന്നില്‍ മണിയറ വാതിലടഞ്ഞു. അകത്ത്, അണിയിച്ചൊരുക്കിയ മുറിയിലെ പട്ടു മെത്തയില്‍ അഫ്‌സല്‍ കാത്തിരിക്കുന്നു. മുറിക്കുള്ളില്‍ സ്വപ്‌നങ്ങള്‍ വീര്‍പ്പു മുട്ടി നിന്നു. ചുവരുകള്‍ക്കുള്ളില്‍ ഹൃദയമിടിപ്പുകളുടെ താളമേളം.
അഫ്‌സല്‍ പുഞ്ചിരിച്ചു. സുബൈദ തല താഴ്‌ത്തി നിന്നു. `സുബൈദ, വാ..`അവന്‍ വിളിച്ചു. അവള്‍ നാണത്തില്‍ നനഞ്ഞു കുതിര്‍ന്നു. അവളുടെ പാദചലനം മെല്ലെയായി. അവന്‍ എഴുന്നേറ്റു മെല്ലെ അടുത്ത് വന്നു. `സുബൈദാ, ഞാന്‍ എന്താണ് ചോദിക്കേണ്ടത്, സുഖമാണോ എന്നോ, എന്താ വിശേഷമെന്നോ അറിയില്ല ` അവന്‍ അടുത്ത് വന്നു നിന്നപ്പോള്‍ ആത്മാവിന്റെ വിശുദ്ധിയുടെ സുഗന്ധം പോലെ മനം മയക്കുന്ന പെര്‍ഫ്യൂമിന്റെ മണം ഒഴുകി വന്നു. അവളുടെ ഉള്ളില്‍ ഒരു മൗനം വീര്‍പ്പു മുട്ടി നിന്നു
`സുബീ, എന്താ മിണ്ടാത്തെ ?` കസവ് തട്ടത്തിന്റെ മൃദുലതയില്‍ സുബൈദ എന്നാ മണവാട്ടി മുഖം കുനിച്ചു നിന്നു.
` എന്താ ഇത്ര നാണമുണ്ടോ. ഇത് വരെ രാത്രി ഫോണില്‍ വാതോരാതെ സംസാരിച്ച ആളാണോ ഇങ്ങനെ മിണ്ടാതെ നാണിച്ചു നില്‍ക്കുന്നത്? `അവന്‍ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ട് ചോദിച്ചു. അപ്പോള്‍ ആ മാന്‍പേടയുടെ കണ്ണുകള്‍ മെല്ലെ ഉയര്‍ന്ന് അവനെ നോക്കി. കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു നിന്നു. കണ്ണുകളില്‍ നിന്നു കണ്ണുകളിലേക്ക് പ്രണയ നിലാമഴ പെയ്‌തിറങ്ങി.
`എന്നാലും ഒന്ന് പറയട്ടെ, ഞാന്‍ അന്ന് കണ്ടതിലും എത്രയോ സുന്ദരിയാണ് നീ ഈ മംഗല്യക്കോടിയില്‍. അഫ്‌സല്‍ അടുത്ത് വന്നു. അവളുടെ കഴുത്തില്‍ മിന്നു കെട്ടി. സുബൈദാന്റെ മനസ്സ് പ്രാര്‍ത്ഥനാ മൂകമായി. `നമുക്ക് ഇപ്പോള്‍ കൂടുതല്‍ സമയം അനുവദിക്കപ്പെട്ടിട്ടില്ല. പൊയ്‌ക്കോളൂ. `വശ്യമായ ഒരു ചിരിയുടെ നിറവില്‍ അവളെ യാത്രയാക്കുന്നതിനു മുമ്പ് കവിളിലൊരു മധുരം നല്‍കാന്‍ അവന്‍ മറന്നില്ല. മണിയറ വാതില്‍ കടന്നു. തോഴിമാരുടെ കൈകളിലേക്ക് ഒരു ഇളം ചിരിയോടെ കടന്നു ചെല്ലുമ്പോള്‍ പനിനീര്‍ മഴ പെയ്യുന്ന ഒരു മലര്‍വാടിയായിരുന്നു അവളുടെ മനസ്സ.്
ആനന്ദ ഹര്‍ഷങ്ങളുടെ ലോകത്ത് പൊടുന്നനെ എത്തിപ്പെട്ടത് പോലെ തോന്നി സുബൈദാക്ക്. പുതിയ വീട്. പുതിയ ലോകം. പുതിയ ബന്ധുക്കള്‍. പുതിയ ആകാശം. താന്‍ ശ്വസിക്കുന്ന വായു പോലും പുതിയതാണോ..!എങ്കിലും, തീരെ അപരിചിതത്വം തോന്നിയില്ല അവള്‍ക്ക്. സ്‌നേഹത്തിന്റെ തേന്‍ മധുരം പകര്‍ന്നു തന്നു. അഫ്‌സല്‍ മിക്കപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു. തനിക്കൊരു അസ്വസ്ഥതയും തോന്നാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന പോലെ തോന്നി അവള്‍ക്ക്. ഏതാനും ദിവസങ്ങളെ ആയുള്ളൂ ഒന്നിച്ചിട്ട്. പക്ഷെ, ഒരായുഷ്‌കാലം മുഴുവനും ഒന്നിച്ചു കഴിഞ്ഞ ആത്മ ബന്ധം ഉള്ള പോലെ തോന്നി. ഒരാള്‍ക്ക് ഇത്രയ്‌ക്കും സ്‌നേഹിക്കാന്‍ കഴിയുമോ ?
അഫ്‌സല്‍ പുറത്തിറങ്ങുമ്പോള്‍ അവളുടെ മനസ്സില്‍ ഒരാന്തലാണ്. ഒരു നിഴല് പോലെ അവള്‍ കൂടെ വരാന്തയിലേക്ക്.
`എങ്ങോട്ടാ എപ്പോഴാ വരികാ. മുറിവേറ്റ ഒരു കിളിക്കുഞ്ഞിന്റെ പിടച്ചില്‍ പോലെ അവളുടെ ശബ്ദം.
`സുബീ, ഒന്ന് പുറത്തിറങ്ങി വരട്ടെ. കൂട്ടുകാരെല്ലാം ഭയങ്കര പരാതിയാ. കല്യാണം കഴിഞ്ഞതിനു ശേഷം ഞാന്‍ പുരത്തിറങ്ങുന്നില്ലെന്ന് അല്ല, അതാണ് സത്യം. അവരെ ബോധിപ്പിക്കാനെങ്കിലും ഞാന്‍ ഒന്ന് പോയി വരട്ടെ. `അവന്‍ ചിരിച്ചു, അവളുടെ മനസ്സിലേക്ക് പടര്‍ന്നു കയറുന്ന ഒരു നനുത്ത ചിരി.
`വേഗം വരണം ട്ടോ … ഞാന്‍ കാത്തിരിക്കും `ഒരു ഇളം ചിരിയുടെ കൊഞ്ചാലോടെയുള്ള അവളുടെ സ്വരം അവന്റെ ഹൃദയതന്ത്രികളില്‍ വീണുടഞ്ഞു. ഹീറോ ഹോണ്ട സ്‌പ്ലെണ്ടറിന്റെ മൃദുലതയിലമര്‍ന്ന് അവന്‍ നിരത്തിലെക്കിറങ്ങുമ്പോള്‍ അവന്‍ ഒന്ന് തിരിഞ്ഞു നോക്കി. പിറകില്‍, വരാന്തയിലെ തൂണ് ചാരി തന്നെ പിന്തുടരുന്ന ആ മാന്‍പേടയുടെ കണ്ണുകള്‍. അവന്‍ ചിരിച്ചു. ഒപ്പം അവളും.
രാത്രിക്ക് നല്ല തണുപ്പായിരുന്നു. പുറത്ത്, ജനല്‍പാളികല്‍ക്കപ്പുറത്ത് നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്നു. ശര്‍ക്കര മാവിന്‍ ചില്ലകളില്‍ ഇളം കാറ്റ് സംഗീതം പൊഴിക്കുന്നു.
`സുബീ` അവന്‍ വിളിച്ചു.
`ഉം ` അവള്‍ വിളി കേട്ടു.
` ഇഷ്ടമായോ നിനക്ക് , ഈ വീടും നാടും എല്ലാം.`
` ഇഷ്ടമായി ഒരു പാട്, ഈ വീടും നാടും, പിന്നെ ഈ വീട്ടുകാരനെയും.`
` ആണോ.`
` ഉം `
`പക്ഷെ, ഒരു കാര്യത്തില്‍ മാത്രമാ എനിക്ക് സങ്കടം `അവള്‍ പറഞ്ഞു.
` എന്ത്` അവന്റെ ശബ്ദത്തില്‍ ആകാംക്ഷയുടെ തുടിപ്പ്.
` അത്. രണ്ടു മാസം കഴിയുമ്പോള് എന്നെ തനിച്ചാക്കി ദുബായിലേക്ക് പോവൂല്ലേ. അത് വേണ്ടായിരുന്നു. ഇവിടെ തന്നെ എന്തെങ്കിലും ജോലി മതിയായിരുന്നു. എങ്കില്‍ എന്റെ കൂടെത്തന്നെ ഉണ്ടാവുമായിരുന്നല്ലോ എപ്പോഴും..` അവന്റെ മുഖത്തു നേരിയ വിഷാദത്തിന്റെ നിഴല്‍ പരന്നു. പൊടുന്നനെ അവര്‍ക്കിടയില്‍ ഒരു മൗനം വിതുമ്പി നിന്നു.
`വിഷമമായോ. ഞാന്‍ വെറുതെ പറഞ്ഞതാ.`അവന്റെ കൈകളില്‍ അവളുടെ മിനുത്ത വിരലുകളുടെ സ്വാന്തനത്തിന്റെ സ്‌പര്‍ശം പതിഞ്ഞു. ആ വിരല്‍തലപ്പുകള്‍ കയ്യിലെടുത്തു അവന്‍ പറഞ്ഞു: `വിഷമിക്കേണ്ട സുബീ, കുറച്ചു കാലം കഴിയുമ്പോള്‍ ഞാന്‍ നിന്നെ കൊണ്ട് പോവും, ദുബായിലേക്ക്. ഫാമിലി സ്റ്റാറ്റസ് ഒന്ന് കിട്ടിക്കോട്ടേ. കുറച്ചു കാലം കാത്തിരുന്നാല്‍ മതി. `ആശ്വസിപ്പിക്കാനെന്ന പോലെ അവന്റെ വാക്കുകള്‍…
പുറത്തെ ഇരുട്ടിലെ മഞ്ഞിന്‍ കണങ്ങളിലേക്ക് ഇളം തെന്നല്‍ കുളിരിന്റെ രഥമേറി വന്നു. സസ്യത്തലപ്പുകള്‍ കുളിര് ചൂടി നിന്നു.
` സുബീ `അവന്‍ വിളിച്ചു.
` ഉം` അവള്‍ വിളി കേട്ടു.
` പുറത്ത് നല്ല നിലാവുണ്ട്.`
` ഉം `
`നല്ല തണുത്ത കാറ്റും.`
`ഉം `
` നിലാവുള്ള ഈ തണുത്ത രാത്രിയില്‍, നമുക്ക് നേരം പുലരുവോളം സംസാരിച്ചിരിക്കാം. എന്തൊക്കെ പറയാനുണ്ട് നമുക്ക്. `
` ഉം` ജനല്‍ പാളികല്‍ക്കപ്പുറത്തു രാത്രി പൂത്തുലഞ്ഞു. തെങ്ങിന്‍ തോപ്പുകളിലിരുന്നു രാക്കിളികള്‍ നിശാഗാനം മൂളി. ആകാശചെരുവിലെ നക്ഷത്ര പൂക്കള്‍ മേഘപടലങ്ങള്‍ക്കിടയില്‍ മുഖം മറച്ചു.
കടല്‍ തീരത്തു ഒരു വൈകുന്നേരം. പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് മെല്ലെ ചായുന്ന സൂര്യന് കീഴെ തിരമാലകള്‍ ജലധാരയുടെ ഞൊറികള്‍ തീര്‍ക്കുന്നു. ഉള്‍പുളകങ്ങള്‍. ആര്‍ത്തിരമ്പുന്ന മറ്റൊരു കടല്‍ മനസ്സിലെത്തി. സുബൈദാന്റെ കയ്യും പിടിച്ചു അഫ്‌സല്‍ തീരത്ത് കൂടി നടന്നു.
`സുബീ, എന്ത് രസമല്ലേ ഈ കടലും ഈ വൈകുന്നേരവും.`
` ശരിയാ. ഈ കാറ്റത്ത് ഇങ്ങനെ നടക്കുമ്പോള്‍ ഈ വൈകുന്നേരം ഒരിക്കലും അവസാനിക്കരുതെ എന്ന് തോന്നിപ്പോവുന്നു `അവള്‍ വാചാലയായി.
`നമ്മുടെ ജീവിതവും ഇത് പോലെ മനോഹരമാക്കണം നമുക്ക്. ഈ തുടുത്ത വൈകുന്നേരം പോലെ` അവന്‍ ചിരിച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കി അവന്‍ പറഞ്ഞു. `ഈ ആര്‍ത്തിരമ്പുന്ന കടല് പോലെയാ ഇപ്പോഴെന്റെ മനസ്സ്. അതില്‍ നിറയെ ഉള്ളത് നിന്നോടുള്ള സ്‌നേഹമാ. അതില്‍ നിന്നു നിനക്ക് എത്ര വേണമെങ്കിലും കോരിയെടുക്കാം. ഈ ജന്മം മുഴുവനും…` അവളുടെ കണ്ണുകളിലേക്കു ഒരു വസന്തത്തിന്റെ വര്‍ണങ്ങളത്രയും വിരുന്നു വന്നു.
പിറ്റേന്ന് വൈകുന്നേരം. ഏറെ വൈകിയിട്ടും പുറത്തു പോയ അഫ്‌സല്‍ തിരിച്ചു വന്നില്ല. സുബൈദാന്റെ മനസ്സില്‍ ആധി തീ കൊളുത്തി. മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. നിരത്തിലെ വളവില്‍ ഏതെങ്കിലും ബൈക്കിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ പ്രതീക്ഷയോടെ കണ്ണുകള്‍ അവിടെ പാറി വീഴും. അത് അഫ്‌സല്‍ അല്ലെന്നറിയുമ്പോള്‍ മനസ്സില്‍ മഴക്കാറ് വീഴും. രാത്രി ഇരുട്ടിത്തുടങ്ങിയതും സുബൈദ ശരിക്കും തീ തിന്നു. വരാന്തയില്‍ ഇടയ്‌ക്കിടെ വന്നു നിരത്തിലേക്ക് കണ്ണും നട്ട് നില്‍ക്കും.
`അവന്‍ വരും മോളെ.. എവിടെയെങ്കിലും പോയി കുഴങ്ങിപ്പോയതായിരിക്കും` ഉമ്മ അവളെ ആശ്വസിപ്പിച്ചു.
രാത്രി ഏറെ വൈകി അഫ്‌സല്‍ ഒരു ചാറ്റല്‍ മഴയിലൂടെ ബൈക്കില്‍ വന്നിറങ്ങുമ്പോള്‍ സുബൈദ വരാന്തയില്‍ വഴിക്കണ്ണും നട്ട് കാത്തിരിക്കുകയായിരുന്നു. മുറിയിലെത്തി അവന്‍ തല തോര്‍ത്തുമ്പോള്‍ അവള്‍ പരിഭവത്തിന്റെ കെട്ടഴിച്ചു. `ഹോ.. എന്തൊരു ടെന്‍ഷന്‍ ആയിരുന്നു. എന്നാലും ഇത് കുറച്ചു കൂടിപ്പോയി. `അവളുടെ വാക്കുകളില്‍ സങ്കടം മുഴങ്ങി. `സുബി ഞാന്‍ പറഞ്ഞില്ലേ. ടൗണില്‍ പോയി കുടുങ്ങിപ്പോയതാ. മൊബൈലില്‍ ചാര്‍ജ് തീര്‍ന്നു പോയി. നീ ക്ഷമിക്കു. എന്റെ പെണ്ണിന്റെ സ്‌നേഹം അളക്കാന്‍ പറ്റിയല്ലോ.` അവന്‍ കുലുങ്ങിച്ചിരിച്ചു. `ദേ സുബി, ഇത് നോക്കിയേ, ഞാന്‍ എന്താ വാങ്ങിയിരിക്കുന്നതെന്ന്. `അവന്‍ ഒരു പൊതി വെച്ച് നീട്ടി. അത് തുറന്നു നോക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു: `നീയല്ലേ ഇന്നലെ പറഞ്ഞത്, കരിവളയും കല്ല് മാലയും നിനക്ക് പൊന്നിനെക്കാള്‍ ഇഷ്ടമാണെന്ന്. നോക്കിയേ.`
അവള്‍ തുറന്നു നോക്കിയപ്പോള്‍ അവളെ നോക്കി ചിരിക്കുന്ന കരിവളകളും കല്ല് മാലയും. ആ മുറിയില്‍ അവളുടെ പുഞ്ചിരിയുടെ പ്രകാശം പരന്നു.
സ്‌നേഹത്തിന്റെ പാല്‍ മണം ചൊരിഞ്ഞ് ഏതാനും ദിവസങ്ങള്‍ കടന്നു പോയി. കല്യാണം കഴിഞ്ഞു രണ്ടാഴ്‌ച തികഞ്ഞിട്ടുണ്ടാവില്ല. അഫ്‌സലിന്റെ കുറച്ചു ബന്ധുക്കള്‍ വിരുന്നു വന്ന ഒരു വൈകുന്നേരം. വരാന്തയില്‍ എല്ലാവരും സംസാരിച്ചിരിക്കുന്നതിനിടയില്‍ അഫ്‌സലിന്റെ മൊബൈല്‍ ശബ്ദിച്ചു. അഫ്‌സല്‍ മുറ്റത്തിറങ്ങി സംസാരിക്കുന്നത് കണ്ടു. വീട്ടിനകത്ത് റേഞ്ച് ഇല്ലാത്തതിനാല്‍ മുറ്റത്തിറങ്ങിയാണ് മിക്കപ്പോഴും സംസാരിക്കാറ്. വരാന്തയില്‍ വര്‍ത്താനം പറഞ്ഞു കൊണ്ടിരുന്ന സുബൈദ അഫ്‌സലിനെ നോക്കിയിരുന്നു. അവന്റെ മുഖം വിവര്‍ണ്ണമാകുന്നതും അതില്‍ അസ്വസ്ഥതയുടെ കരിനിഴല്‍ പരക്കുന്നതും അവള്‍ കണ്ടു. കുറച്ചു നേരം എന്തോ സംസാരിച്ചതിന് ശേഷം ഉമ്മറത്തേക്ക് തിരിച്ചു കയറുമ്പോള്‍ മൂടിക്കെട്ടിയ ആകാശം പോലെ ഇരുണ്ടിരുന്നു അവന്റെ മുഖം.
` അഫ്‌സല്‍, എന്താ മോനേ. ആരാ വിളിച്ചത്. ` ഉമ്മയ്‌ക്കും ആകാംക്ഷ അടക്കാനായില്ല.
` അത് `അവന്റെ ശബ്ദം ശരിക്കും ഇടറിയിരുന്നു. `അത് ദുബായിലെ കമ്പനിയില്‍ നിന്ന് വിളിച്ചതാ. എന്റെ ബോസ്സിന് വളരെ അത്യാവശ്യമായി ഒരു യാത്ര പോവണം. ഓഫിസിലെ കാര്യങ്ങള്‍ നോക്കാന്‍ ആളില്ല. ലീവ് കാന്‍സെല്‍ ചെയ്‌തു എന്നോട് നാളെ തന്നെ പുറപ്പെടാന്‍ പറഞ്ഞിരിക്കുകയാ` വരാന്തയില്‍ പൊടുന്നനെ ഒരു ശോകം പരന്നു. സുബൈദാന്റെ കരള്‍കൂട്ടില്‍ ഒരു കിളി മുറിവേറ്റു പിടഞ്ഞു.
` എന്നാലും, കുറച്ചു ദിവസം കൂടി. നീ പറഞ്ഞു നോക്കിയില്ലേ. ? ` ഉമ്മ വേവലാതിയോടെ ചോദിച്ചു.
ഞാന്‍ കുറെ പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല. അത്രക്കും എമര്‍ജെന്‍സി ആണവിടെ. ജോലിയുടെ പ്രശ്‌നമാ. പോയെ തീരു` വിതുമ്പല്‍ പോലെ വാക്കുകള്‍ തെറിച്ചു വീണു.
പിന്നെ ഒരുക്കങ്ങളുടെ സമയമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റും ഓട്ടമായിരുന്നു. സുബൈദ സങ്കടം പെയ്യുന്ന മനസ്സുമായി ഉഴറി നടന്നു. രാത്രി ഏറെ വൈകി അഫ്‌സല്‍ മുറിയിലെത്തുമ്പോള്‍ സുബൈദ കിടക്കയിലിരുന്നു പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു. അവളുടെ മുഖത്ത് വിഷാദം കട്ട പിടിച്ചിരുന്നു. അഫ്‌സല്‍ മിണ്ടാതെ അടുത്ത് വന്നിരുന്നു. അവനും വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും സുബൈദ അനങ്ങിയില്ല. അഫ്‌സല്‍ അവളെ നോക്കി വിളിച്ചു :
`സുബീ` അവളുടെ കണ്ണുകള്‍ വിരഹത്തിന്റെ ജാലകവാതിലിലൂടെ പുറത്തേക്കു തന്നെ.
അവന്‍ മെല്ലെ പറഞ്ഞു: `ഞാന്‍ എന്താ പറയാ സുബീ. എനിക്കും വിഷമം അടക്കാനാവുന്നില്ല.` അവള്‍ പിന്നെയും മൗനം പൂണ്ടിരുന്നു.
`സുബീ… എന്താ മിണ്ടാത്തെ..?` അവന്‍ മെല്ലെ കൈ പിടിച്ചു.
` വേണ്ടായിരുന്നു. ` അവള്‍ അബോധത്തിന്റെ തിരശീലക്കു പിന്നില്‍ നിന്നെന്ന പോലെ പൊടുന്നനെ മൗനം മുറിച്ചു കൊണ്ട് പറഞ്ഞു. അവന്‍ ഹൃദയമിടിപ്പോടെ അവളെ നോക്കി.
അവള്‍ പറഞ്ഞു: `ഇങ്ങനെയെങ്കില്‍ വേണ്ടായിരുന്നു. നിങ്ങള്‍ ഇങ്ങനെ , ഇത്രയും അധികം എന്നെ സ്‌നേഹിക്കെണ്ടായിരുന്നു. ` ശബ്ദം ഇടറിത്തുടങ്ങി. `ഇത്രയും സ്‌നേഹം അനുഭവിച്ചു പെട്ടെന്നൊരു ദിവസം, ഇല്ല. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.` അവളുടെ നിയന്ത്രണം വിട്ടു. ദുഃഖം അണപൊട്ടി ഒരു വിങ്ങിക്കരച്ചിലായി പരിണമിച്ചു.
അവള്‍ ഇരുകൈ കൊണ്ടും മുഖം പൊത്തി തേങ്ങി കരയുകയാണ്. ` ഞാന്‍ മരിച്ചു പോവും . ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. അത് കണ്ട് നില്‍കാനാവാതെ പിടിച്ചു നില്‍കാനാവാതെ അവന്‍ തലയിണയിലേക്ക് മുഖമമര്‍ത്തി കരഞ്ഞു. അപ്പോള്‍ പുറത്ത് രാത്രിയുടെ ഇളം കാറ്റ് ഒരു ശോക ഗാനം മൂളുന്നുണ്ടായിരുന്നു.....
അബ്ദുള്ള.എം.ബാന്ഗോദു
Wednesday, December 1, 2010
Friday, September 24, 2010
ഉമ്മയോളം വരില്ല മറ്റൊന്നും
അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക് അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ് നേരത്തെ മരിച്ചിട്ടുണ്ട്. വൃദ്ധയായ ഉമ്മ അവിടെയുണ്ട്.'' ``ശരി. ആ മാതാവിന്റെ അടുത്ത് ചെന്ന് എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത് വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക് ചെല്ലാം.''റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു. ആ വൃദ്ധമാതാവ് പറഞ്ഞു:``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് ജീവിക്കുന്നവനാണ്, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട് ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച് എന്നോട് കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ് അല്‍ഖമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയാത്തത്.'' തുടര്‍ന്ന്, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട് റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത് സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്. നിങ്ങളവന് മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''അവര്‍ മകന് മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട് യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ് ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാവലാണ്. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
Monday, January 12, 2009
മനസ്
തിരിച്ചുവരാനറിയാത്ത വിധംമറന്നു പോയ വഴികളില്‍ഓര്‍മകളുടെ സുഗന്ധം തേടി ....വീണു പോയിട്ടും വെളിച്ചംമങ്ങാത്ത മനസ്സിന് ആശ്വാസമാവാന്‍...ഒന്നു പുഞ്ച്ചിരിക്കാന്‍ ...മരിയ്ക്കുന്നതിനും മുന്‍പേ കൊതി തീരെ കാണാന്‍...പ്രതീക്ഷയുടെ അവസാന പൂക്കളുമായ്‌ഒരിയ്ക്കല്‍ കൂടി അവള്‍ വരുമോ ....?മനസിന്റെ താളുകളില്‍എന്നോ കുറിച്ചിട്ട വാക്കുകള്‍കാരിരുമ്പിന്‍ മുര്‍ച്ചയുള്ള മുള്ളുകളായ്തറഞ്ഞു കിടക്കുന്നു .......മറക്കുവാനുള്ള കഴിവ് നിഷ്ഭലമാകുമി -നിമിഷങ്ങളില്‍ ചുടുകണ്ണീര്‍ഉതിരുന്നേന്‍ മിഴികളില്‍ .............ഹൃദയത്തില്‍ ആഴ്നിറങ്ങുമാ മുള്ളുകള്‍എന്നും വിളിച്ചോതുന്നിതാ ആ വാക്കുകള്‍ഞാന്‍ നിനക്കാണ് ..........എനിക്ക് നിന്നെ കാണാം ....നിന്‍റെ അത്രയും അടുത്ത് നിന്ന് തന്നെ ....നീ പറയുന്ന ഓരോ വാക്കുകളിലൂടെയും ...എനിക്ക് നിന്നെ കേള്‍ക്കാം ..,അറിയാം ....;മനസ്സിനും മൌനത്തിനും ഇടയില്‍ നിശബ്ദമായിനീ ഒളിപ്പിയ്ക്കുന്ന പ്രണയവും എനിയ്ക്കറിയാം ....എന്നിട്ടും .....എന്നില്‍ നിന്നും നിന്നിലേയ്ക്കുള്ളഅകലം കൂടി വരികയാണോ .........??നിന്‍റെ മനസ്സൊന്നു ഇടറിയപ്പോള്‍ കണ്ണുനീര്‍നിറഞ്ഞത് എന്
Subscribe to:
Comments (Atom)
.jpg)